ഒരു കാര്യത്തില്‍ തന്നെ ശ്രദ്ധിക്കാതെ, അനവധി കാര്യങ്ങളിലേക്ക് ഒരേസമയം തെന്നിമാറുന്ന അവസ്ഥയെയാണ് അലഞ്ഞുതിരിയുന്ന മനസ്സെന്ന് പറയുന്നത്. മനസ്സ് അലഞ്ഞു തിരിയുന്നതിന്‍റെ പിന്നില്‍ ഒന്നിലേറെ കാരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനശാസ്ത്ര-മനോരോഗ ചികിത്സകനെ സംബന്ധിച്ച് ആ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക ഒരു യത്നം തന്നെയാണ്. യത്നം പൂര്‍ത്തീകരിക്കുന്നതിനു മുന്‍മ്പ് രോഗി മറ്റൊരു ദിക്കിലേക്ക് കടന്നുകളയുകയും പതിവാകുന്നു. ഒരു വാഹനം ഓടിക്കുമ്പോള്‍ നമ്മുടെ മനസ്സ് ഏത് ദിശയിലാണ് പോയി കൊണ്ടിരിക്കുന്നത് എന്നു ചിന്തിച്ചുനോക്കിയിട്ടുണ്ടോ? വളരെ രസകരമായ അവസ്ഥയാണിത്. വാഹനത്തില്‍ ഇരുന്നു യാത്ര ചെയ്യുന്ന ആളുടെ മനസ്സ് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്? എന്തിന്, ഒരുപുസ്തകം വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് എങ്ങോട്ടെല്ലാം വ്യതിചലിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഏതെങ്കിലും ഒരു ഉദ്യമം ചെയ്യുന്ന സന്ദര്‍ഭങ്ങളിലൊക്കെയാവും നമ്മള്‍ ഈ കാര്യം തിരിച്ചറിയുക. അപ്പോള്‍ പറയും എന്‍റെ മനസ്സ് എങ്ങോ അലഞ്ഞു തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ശ്രദ്ധയും ഏകാഗ്രതയും തമ്മിലുള്ള വ്യത്യാസമെന്താണ്? ഏകാഗ്രത ഒരു പരിശീലനമാണെങ്കില്‍ ശ്രദ്ധ സ്വാഭാവികമായി വന്നു ഭവിക്കേണ്ട ബോധാവസ്ഥയാണ്. മനുഷ്യന്‍ ഒരു വിഷയത്തിലേക്ക് ഏകാഗ്രമാകുമ്പോള്‍ മറ്റു പലതിനെയും അറിയുന്നില്ല. അതുകൊണ്ട് തന്നെ അത് ഭാഗികമാണ്. എന്നാല്‍ ശ്രദ്ധ നമ്മില്‍ സംഭവിക്കുമ്പോള്‍ അവിടെ മറഞ്ഞിരിക്കുന്നതു പോലും തെളിഞ്ഞേക്കും. അറ്റന്‍ഷന്‍ അവയര്‍നെസ് എന്നീ വാക്കുകളുടെ മലയാള അര്‍ത്ഥമാണ് ഏകാഗ്രതയും ശ്രദ്ധയും. അറ്റന്‍ഷനില്‍ ഒരു ടെന്‍ഷനുണ്ട്. എന്നാല്‍ അവയര്‍നെസില്‍ ഒരു അനായാസതയാണ് നിറഞ്ഞിരിക്കുന്നത്.
ഒന്ന് ബുദ്ധിയുടെ ഭാഗമായും മറ്റേത് സ്നേഹത്തിന്‍റെ സ്വാഭാവികമായ പ്രതിഫലനമായും. ഇവ രണ്ടും ദൈനദിന ജീവതത്തില്‍ പ്രധാനപ്പെട്ടതാണ്. ശ്രദ്ധയില്‍നിന്ന് ഏകാഗ്രതയിലേക്ക് സംഞ്ചരിച്ചാല്‍ അതിന്‍റെ മാധുര്യം വര്‍ദ്ധിച്ച് അനായാസമായി തരുന്നു. ڇനിങ്ങള്‍, സജീവമായിരിക്കുമ്പോള്‍ ജീവിതത്തിന്‍റെ സത്തയിലേക്ക് ഒഴുകി അലിഞ്ഞു ചേരുക. കാരണം, വീണ്ടും കണ്ടുമുട്ടാന്‍ സാധ്യതയുള്ള അതിഥിയല്ല ജീവിതം!ڈ എന്ന കബീര്‍ദാസിന്‍റെ വചനം മേല്‍പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ്. അലഞ്ഞുതിരിയുന്ന മനസ്സ് എന്നുപറയുമ്പോള്‍ നാം നമ്മുടെ മസ്തിഷകത്തിന്‍റെ അശ്രദ്ധാവസ്ഥയെക്കുറിച്ചാണ് പറയുന്നത്. ശ്രദ്ധയ്ക്ക് നമ്മുടെ സെന്‍സിറ്റിവിറ്റിയുടെ മേല്‍ ശക്തമായ സ്വാധീനമുണ്ട്. ഒന്നുപാളി പോയാല്‍ മതി, മാനസിക സമ്മര്‍ദ്ദവും, ഡിപ്പ്രഷനും ഉല്‍കണ്ഠയും ഉള്‍പടെ നിരവധി രോഗങ്ങള്‍ നമ്മുടെ ശരീരത്തെ പതികൂലമായി ബാധിക്കും. അത് മസ്തിഷകത്തിന്‍റെ പ്രവര്‍ത്തനത്തെ വ്യതിയാനപ്പെടുത്തി രോഗാതുരമാക്കും. അത്തരത്തില്‍ പ്രതികൂലമായി ബാധിക്കപ്പെടുന്ന അവസ്ഥകളില്‍ പോലും നാം നമ്മുടെ മസ്തിഷകത്തിന്‍റെ നൂറുശതമാനവും ഉപയോഗിക്കുന്നുണ്ട് എന്നതാണ് വാസ്ഥവം. നിങ്ങള്‍ ഒരു പാഠഭാഗം വായിക്കുകയാണന്നിരിക്കട്ടെ. ഏകദേശം 170 മില്ലിസെക്കന്‍റുകള്‍ക്ക് ശേഷമാണ് നിങ്ങളുടെ മസ്തിഷക്കം പാഠഭാഗത്തെ തിരിച്ചിറിയുന്നത്.
ഈ തിരിച്ചറിവ്(ശ്രദ്ധ) വലിയ താമസമില്ലാതെ വ്യതിചലിച്ചു പോവുകയും ചെയ്യും. ഈ ലേഖനം വായിക്കുവാന്‍ തുടങ്ങിയതിനുശേഷം എത്രതവണ നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചുവെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞൂ? ഒരു കാര്യം ചെയ്തു തുടങ്ങുമ്പോള്‍ തന്നെ നിരവധി തവണ നമ്മുടെ ശ്രദ്ധ മാറിപോകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ മനസ്സ് രണ്ട് അശ്രദ്ധ നിമിഷങ്ങള്‍ക്കിടയിലുള്ള വിടവ് അതിന്‍റേതായ രീതിയില്‍ നികത്തുന്നത് മൂലം അശ്രദ്ധനിമിഷങ്ങള്‍ നാം തിരിച്ചറിയുന്നില്ല. അലഞ്ഞു തിരിയുന്ന മനസ്സ് ചിലപ്പോള്‍ നമ്മുടെ കഴിവുകളെ മുഴുവന്‍ നശിപ്പിച്ചുവെന്ന് വരാം. നിത്യജീവിതത്തില്‍ ഒത്തിരി വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ശീലമാണ് മനസ്സിന്‍റെ അലഞ്ഞുതിരിയുന്ന ഈ പ്രവണത. വിജയം കൈവരിക്കണമെങ്കില്‍ മനസിനെ പിടിച്ചുകെട്ടിയെ പറ്റു. വ്യക്തമായ ഒരു ഇടപെടല്‍ ഈ ഘട്ടത്തില്‍ ലഭിക്കാത്തപക്ഷം കേവലം ശ്രദ്ധക്കുറവ് എന്നതില്‍ നിന്ന് മാറി മാനസികമായ രോഗാവസ്ഥയിലേക്കും പോകും. ഇത്തരം അശ്രദ്ധ നിമിഷങ്ങള്‍ തിരിച്ചറിയാനും, അത്തരം നിമിഷങ്ങളെ കുറയ്ക്കുവാനും ഉതകുന്നവിധം ആധുനിക മനശാസ്ത്ര ചികിത്സ വികസിച്ചിരിക്കുന്നു.
© Copyright 2020. All Rights Reserved.